2014, ഒക്‌ടോബർ 8, ബുധനാഴ്‌ച

ദൈവങ്ങളും ഇപ്പോള്‍ കൊട്ടേഷന്‍ തുടങ്ങി


ദൈവങ്ങളും ഇപ്പോള്‍ കൊട്ടേഷന്‍ തുടങ്ങി

ഇന്ന് കണ്ട ഒരു വാര്‍ത്തയുണ്ട്. നോമ്പ് നിഷേധിച്ച ചൈനക്കാര്‍ക്ക് അള്ളാഹു പണി കൊടുത്തു. പാവം അള്ളാഹു പോലും മനസില്‍ കരുതിക്കാണില്ല.... നമ്മള്‍ മലയാളികള്‍ക്ക് പണ്ടേ ഉള്ള ശീലമാണല്ലോ, മറ്റുള്ളോന്റെ മുറിവില്‍ ചെറിയ ഒരീര്‍ക്കില്‍ തുമ്പിട്ടിളക്കല്‍. എന്നിട്ട് പറയും, എല്ലാം ദൈവo കൊടുത്തതാണെന്ന്. ഞാന്‍ ഒന്ന് ചോദിക്കട്ടെ, ഇന്ത്യയിലും, ഇന്തോനേഷ്യയിലും, ശ്രീലങ്കയിലും, ജപ്പാനിലും സുനാമി അടിച്ചല്ലോ... അന്ന് മരിച്ചതില്‍ ഹിന്ദുവും, ഇസ്ലാമും, ക്രിസ്ത്യാനിയും അടങ്ങുന്ന ഒരുപാട് ആള്‍ക്കാര്‍ ഉണ്ടായിരുന്നല്ലോ...


  താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍, 
  താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ..

നമ്മള്‍ ഒരോരുത്തരും ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം നമ്മളു തന്നെ അനുഭവിച്ച് തീര്‍ത്തേ പറ്റൂ, അതൊരിക്കലും മറ്റുള്ളോര്‍ക്കുള്ളതല്ല!.
ഈ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയകളില്‍ പൊതുവായി കാണുന്ന ഒരു കാര്യം ഉണ്ട്. സ്വന്തം മതത്തെ പുകഴ്ത്തി പറയുകയും, അതോടൊപ്പം തന്നെ മറ്റ് മതങ്ങളെ അടിച്ച് താഴ്ത്തുകയും ചെയ്യുന്ന ഒരു പ്രവണത. പിന്നെ അത് പതുക്കെ സഭ്യതയുടെ അതിരുകള്‍ കടന്നങ്ങനെ പരക്കും... തത്വത്തില്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം പല്ലിടയാണ് കുത്തി നാറ്റിക്കുന്നതും! പൂര്‍വ്വകാലത്ത് മതങ്ങളും, ദൈവങ്ങളും ഉണ്ടായിട്ടുള്ളത് തന്നെ ഭൂമിയില്‍ നന്മയും , സ്നേഹവും എല്ലാം പരത്തുന്നതിനായാണെന്ന് നമ്മള്‍ കുഞ്ഞുന്നാളിലെ പാഠപുസ്തകങ്ങളില്‍ നിന്നു പഠിച്ചിട്ടുണ്ട്. എല്ലാ മത ഗ്രന്ഥങ്ങളും നമ്മെ പഠിപ്പിക്കുന്നതും അതു തന്നെ, സത്യം, ധര്‍മ്മം , സമത്വം, സഹോദര്യം തുടങ്ങിയവ..

എല്ലാ മതസ്ഥരോടും ഈ പുണ്യമാസത്തില്‍ എനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ്. സ്വന്തം മതത്തെയും , ദൈവങ്ങളേയും ആദരിക്കുന്നതൊനോടൊപ്പം മറ്റുള്ളവയെ നിന്ദിക്കാതിരിക്കുക. അമ്മ എന്ന വാക്കിന്റെ അര്‍ത്ഥം മനസിലാക്കി ജീവിക്കുക..
ഒരു മതവികാരവും വ്രണപ്പെടുവാന്‍ അല്ല ഞാന്‍ ഇതെല്ലാം എഴുതിക്കൂട്ടിയത്. ബോധം നശിച്ചിട്ടില്ലാത്ത ഒരു ജനതക്ക് മുന്നില്‍ ഞാന്‍ എന്റെ വിഷമം പങ്ക് വയ്ക്കുന്നു എന്ന് മാത്രം.

വാക്കുകള്‍കൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു..